കോട്ടയം: ഭിന്നശേഷി നിയമന സംവരണം, വന്യജീവി ആക്രമണം, ശബരിമല സ്വര്‍ണക്കൊള്ള, റബര്‍ വിലയിടിവ്, ഇടുക്കിയിലെ പട്ടയം ഉള്‍പ്പെടെയുള്ള ഭൂപ്രശ്നങ്ങള്‍, ജെ.ബി. കോശി റിപ്പോര്‍ട്ട് എന്നിങ്ങനെ ഇടതുമുന്നണിയില്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്കെല്ലാം സംസ്ഥാന സര്‍ക്കാർ പരിഹാരം കണ്ടെന്ന കേരള കോണ്‍ഗ്രസ്-എമ്മിന്റെ അവകാശവാദം പൊള്ളയാണെന്ന് കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് ഫ്രാന്‍സിസ് ജോര്‍ജ് എംപി.
ഭിന്നശേഷി നിയമന സംവരണ വിഷയത്തില്‍ എന്‍എസ്എസ് മാനേജ്മെന്റിനു ലഭിച്ച സുപ്രിം കോടതി ഉത്തരവില്‍, സമാന സ്വഭാവമുള്ള ഇത്തരം വിഷയത്തില്‍ ഈ വിധി ബാധകമാണന്നു പറഞ്ഞിട്ടും അതനുസരിച്ച് ഇതര മാനേജ്മെന്റുകളിലെ അധ്യാപകര്‍ക്ക് നിയമനം നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സുപ്രീംകോടതിയെ സമീപിക്കുന്നതിനെ കേരള കോണ്‍ഗ്രസ്-എം ന്യായീകരിക്കുന്നത് രാഷ്ട്രീയ ഗതികേടാണ്.
വന്യജീവി ആക്രമണങ്ങളില്‍ കര്‍ഷകരെ സംരക്ഷിക്കാന്‍ നിയമസഭ പാസാക്കിയ നിയമത്തിനു കേന്ദ്രാനുമതി ലഭിച്ചിട്ടില്ല. വന്യജീവി ആക്രമണം തടയാന്‍ നിലവിലുള്ള കേന്ദ്രനിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം നടപടി എടുക്കാന്‍ തയാറാകാതെ നിയമം നിര്‍മിച്ചുവെന്നു പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
10 വര്‍ഷം മുമ്പ് എല്‍ഡിഎഫ് പ്രകടന പത്രികയില്‍ റബറിന് പ്രഖ്യാപിച്ച 250 രൂപ തറവില ഇതുവരെ നടപ്പാക്കിയിട്ടില്ല. 200 രൂപ ആക്കിയെന്നു പറയുന്ന കേരളാ കോണ്‍ഗ്രസ് -എം സംസ്ഥാനത്ത് ഇത് ഒരു കര്‍ഷകനു പോലും ഇതുവരെ ലഭിച്ചിട്ടില്ലന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.